ഓസ്‌ഫോജ്‌ന പണ്ഡിത ദര്‍സ് തിങ്കളാഴ്ച ആരംഭിക്കും

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌ന സംഘടിപ്പിക്കുന്ന പണ്ഡിത ദര്‍സ് 6.2.2017 തിങ്കളാഴ്ച ആരംഭിക്കും. ജാമിഅഃ നൂരിയ്യയിലെ മസ്ജിദുറഹ്മാനിയ്യയില്‍ നടക്കുന്ന പണ്ഡിത ദര്‍സിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം വഹിക്കും.
വിവിധ കര്‍മ്മശാസ്ത്ര വിഷയങ്ങളിലുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന പണ്ഡിത ദര്‍സില്‍ മുതിര്‍ന്ന പണ്ഡിതന്‍മാര്‍, മുദരിസുമാര്‍, ഖതീബുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാസത്തില്‍ രണ്ട് തവണയാണ് പണ്ഡിതര്‍ക്കുള്ള ഈ പഠന സംഗമം ജാമിഅയില്‍ നടക്കുക.
തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി പ്രസംഗിക്കും. ഓസ്‌ഫോജ്‌ന ജി.സി.സി ഘടകങ്ങളാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.