ഏക സിവില്‍ കോഡ് ബഹുസ്വരത തകര്‍ക്കും : നൂറുല്‍ ഉലമ

norululama

പട്ടിക്കാട്:  ഏകസിവില്‍ കോഡിനെതിരെ മലപ്പുറത്ത് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ സമ്മേളന പ്രചരണാര്‍ത്ഥം പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമ ഐക്യദാര്‍ഢ്യ റാലിയും സായാഹ്ന സദസ്സും നടത്തി. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തെ ബഹുസ്വരത തകര്‍ക്കുമെന്നും വിവിധ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന വ്യത്യസ്ത ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്ത് സര്‍വ്വ മതവിഭാഗങ്ങളെയും പരിഗണിച്ച് കൊണ്ടുള്ള ഏകസിവില്‍കോഡ് എങ്ങിനെ സാധ്യമാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മതങ്ങളിലെ നിലപാടുകളും അഭിപ്രായങ്ങളും പറയേണ്ടത് മതജ്ഞാനികളാണെന്നും മറ്റുള്ളവര്‍ വിശ്വാസത്തില്‍ കൈകടത്തുന്നത് അപകടകരമാണെന്നും യോഗം വിലയിരുത്തി. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി ഹൈതമി അദ്ധ്യക്ഷനായി. സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സയ്യിദ് ഹുസൈന്‍ ബുഖാരി തങ്ങള്‍ മുതുതല, സിദ്ദീഖ് മേല്‍മുറി, ജസീല്‍ കമാലി അരക്കുപറമ്പ് സംസാരിച്ചു. നജീബുള്ള പള്ളിപ്പുറം സ്വാഗതവും റഷീദ് കമാലി മോളൂര്‍ നന്ദിയും പറഞ്ഞു.